ബാലവേല- കൗമാരത്തൊഴില്‍ ശരണബാല്യം ജോയിന്റ് ഡ്രൈവ്
ശരണബാല്യം പദ്ധതിയുടെ ജോയിന്റ് ഡ്രൈവിന്റെ ഭാഗമായി കരുളായിയില്‍ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ റെസ്‌ക്യൂ ഓഫീസര്‍ പി.എം. ആതിരയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കെട്ടിട നിര്‍മാണത്തില്‍ കുട്ടി സഹായിക്കുന്ന എന്ന വിവരം ചൈല്‍ഡ് ഹെല്പ് ലൈനില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
പരിശോധനയില്‍ ബീഹാറി സ്വദേശിയായ കുട്ടി സ്‌കൂളില്‍ പോവാതെ മാതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ചിലവഴിക്കുന്നതായും കുട്ടി താമസിക്കുന്ന വീടിന്റെ അടുത്ത് കെട്ടിട പണി നടക്കുന്ന സ്ഥലങ്ങളില്‍ എത്തുന്നുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനുമായി സംസാരിക്കുകയും കുട്ടികളുടെ തുടര്‍പഠനം ഉറപ്പുവരുത്തുന്നതിനു വേണ്ട നടപടികളും സ്വീകരിക്കുകയും ചെയ്തു. കുട്ടിയുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ മാതാവിന് നിര്‍ദ്ദേശം നല്‍കി. താമസക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം കെട്ടിട ഉടമയ്ക്കും നല്‍കി.
കൂടാതെ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ ഹോട്ടലുകള്‍ എന്നിവയില്‍ ബാലവേല, കൗമാരത്തൊഴില്‍ എന്നീ സാഹചര്യത്തില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ലയെന്നും പരിശോധനയില്‍ കണ്ടെത്തി. കുട്ടികള്‍ അല്ലായെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ജോലിക്ക് എടുക്കുവാന്‍ പാടുള്ളൂ എന്നും ഇവരുടെ രേഖകള്‍ കൃത്യമായി പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
ബാല- കൗമാരത്തൊഴില്‍ നിരോധനവും നിയന്ത്രണവും നിയമം 1986 പ്രകാരം കുട്ടികളെ ജോലിക്ക് എടുക്കുന്നതും, കൗമാരപ്രായക്കാരെ അപകടകരമായ സാഹചര്യങ്ങള്‍ ജോലിക്ക് എടുക്കുന്നതും ശിക്ഷാര്‍ഹമാണ്.
കൂടാതെ ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളെ കാണുകയാണെങ്കില്‍ വിവരമറിയിക്കുവാനും നിര്‍ദ്ദേശം നല്‍കി. ബാലവേല വിവരം അറിയിക്കുന്നത് സംബന്ധിച്ച പോസ്റ്റര്‍, വ്യാപാരസ്ഥാപനങ്ങളിലും, ഹോട്ടലുകളിലും പതിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ ചൈല്‍ഡ് ഹെല്പ് ലൈന്‍ കേസ് വര്‍ക്കര്‍ സല്‍മ സുഹാന, പൂക്കോട്ടുപാടം സബ് ഇന്‍സ്‌പെക്ടര്‍ ജെയിംസ് എന്നിവരും പങ്കെടുത്തു.

