പേവിഷബാധ പ്രതിരോധശേഷി പരിശോധനയ്ക്ക് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി
കേരളത്തിന് വീണ്ടും ചരിത്രനേട്ടം. പേവിഷബാധ പ്രതിരോധശേഷി പരിശോധനയ്ക്ക് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി. പുതിയ സാങ്കേതികവിദ്യ പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനത്തിന്റെ മറ്റൊരു ചരിത്രനേട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പൊതുജനാരോഗ്യരംഗത്ത് മറ്റൊരു ചരിത്രനേട്ടത്തിനു കൂടി സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. പേ വിഷ ബാധയ്ക്ക് എതിരായ വാക്സിനേഷന്റെ പ്രതിരോധശേഷി പരിശോധിക്കാനുള്ള, ചെലവ് കുറഞ്ഞതും വിശ്വസ്തവുമായ പുതിയ സാങ്കേതികവിദ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) വികസിപ്പിച്ചെടുത്തെടുത്തിരിക്കുന്നു. ഈ നൂതന സാങ്കേതികവിദ്യ വഴി, വാക്സിൻ സ്വീകരിച്ച മനുഷ്യരിലും, വളർത്തു മൃഗങ്ങളിലുമുള്ള രോഗപ്രതിരോധശക്തി എത്രത്തോളമെന്ന് കണ്ടെത്താൻ സാധിക്കും. അന്താരാഷ്ട്ര ജേർണലുകളിൽ ഈ പഠനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വാക്സിനേഷന്‍ പ്രതിരോധ ശേഷി കണ്ടെത്തുന്ന നിലവിലുള്ള റാപ്പിഡ് ഫ്ലൂറസെന്റ് ഫോക്കസ് ഇൻഹിബിഷൻ ടെസ്റ്റിന് (RFFIT) 3000 രൂപയിൽ കൂടതൽ ചെലവ് വരുമ്പോൾ ഐഎവി മോളിക്യുലർ ബയോഅസെ (IAV Molecular Bioassay) ലബോറട്ടറി വഴിയുള്ള പുതിയ പരിശോധനയ്ക്ക് 500 മാത്രമാണ് ചെലവ് വരുന്നത്. സേവനം പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുണ്ട്.
സർക്കാർ ആരോഗ്യമേഖലയിൽ നടത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളുടെയും ഗവേഷണങ്ങൾക്കുള്ള പിന്തുണയുടെയും ഫലം കൂടിയാണ് ഇത്തരമൊരു ചരിത്ര നേട്ടം. പുതിയ സാങ്കേതികവിദ്യ പേ വിഷ ബാധ നിയന്ത്രണ വിധേയമാക്കുന്നതില്‍ നിർണ്ണായകമാകുമെന്നത് സുനിശ്ചിതമാണ്. സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും നാം ഒരോരുത്തരുടെയും ഉത്തരവാദിത്വം കൂടിയാണ്. റാബിസ് വാക്സിനേഷന്‍ സംബന്ധിച്ച് കൃത്യമായ അവബോധത്തോടെ കുട്ടായ് മുന്നോട്ട് നിങ്ങാം.

