ചെങ്കോട്ടയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ കാര്യ സമിതി സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചുകൊണ്ട് പ്രമേയം പാസാക്കി. തീവ്രവാദത്തെ പൂര്‍ണമായും അടിച്ചമര്‍ത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണെന്ന് മന്ത്രിസഭ വിലയിരുത്തി. ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല. ആഴത്തിലുള്ള അന്വേഷണം നടത്തും. സ്‌പോണ്‍സര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"നവംബർ 10 ന് ചെങ്കോട്ടയ്ക്ക് സമീപം ദേശവിരുദ്ധ ശക്തികൾ ഒരു കാർ സ്ഫോടനം നടത്തി. ഇതൊരു ഹീനമായ തീവ്രവാദ ആക്രമണമാണ്. കാലതാമസമില്ലാതെ തന്നെ കുറ്റവാളികളെയും അവരുടെ കൂട്ടാളികളെയും കണ്ടെത്താനും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കഴിയുന്ന തരത്തിൽ ഈ ഭീകരാക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ മന്ത്രിസഭ നിർദ്ദേശിച്ചിട്ടുണ്ട്," മന്ത്രിസഭാ പ്രമേയം വായിച്ചുകൊണ്ട് അശ്വിനി വൈഷ്ണവ് പറഞ്ഞു.

