റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും ആക്രമണ പദ്ധതി; ഡൽഹി സ്ഫോടനത്തിനു മുന്‍പും പ്രതികൾ ചെങ്കോട്ടയിലെത്തി
ഡൽഹി സ്ഫോടനത്തിനു മുൻപ് പ്രതികൾ ചെങ്കോട്ടയുടെ പരിസരത്ത് എത്തിയിരുന്നെന്നും മറ്റിടങ്ങളിൽ സ്ഫോടനത്തിനു പദ്ധതിയിട്ടെന്നും റിപ്പോർട്ട്. സ്ഫോടക വസ്തുക്കളുമായി ഫരീദാബാദിൽനിന്നു പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലിനെ ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് ഈ നിർണായക വിവരം ലഭിച്ചത്. താനും ഉമറും നേരത്തേ ചെങ്കോട്ടയിൽ എത്തിയിരുന്നെന്നു മുസമ്മിൽ മൊഴി നൽകിയെന്നും അതിന്റെ തെളിവുകൾ അയാളുടെ ഫോണിൽനിന്നു കണ്ടെത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.
അടുത്ത ജനുവരി 26 ന് സ്ഫോടനം നടത്താൻ പദ്ധതിയുണ്ടായിരുന്നെന്നും അതിനായാണ് ചെങ്കോട്ടയുടെ പരിസരത്ത് നിരീക്ഷണത്തിന് എത്തിയതെന്നും മുസമ്മിൽ വെളിപ്പെടുത്തി. കഴിഞ്ഞ ദീപാവലിക്കു സ്ഫോടനം നടത്താനൊരുങ്ങിയെങ്കിലും കഴിഞ്ഞില്ല. എന്നാൽ എവിടെയാണ് സ്ഫോടനത്തിനൊരുങ്ങിയതെന്നു വ്യക്തമല്ല.

