സർക്കാർ മെഡി. കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും. നാളെയും മറ്റന്നാളും ശനിയാഴ്ചയും ഒപി ബഹിഷ്കരിക്കും. ഒപി, തിയറി ക്ലാസുകൾ ബഹിഷ്കരിക്കാനാണ് തീരുമാനം. ഔദ്യോഗിക ചർച്ചകളും ബഹിഷ്കരിക്കും.
ഔദ്യോഗിക കത്തിടപാടുകൾക്ക് മറുപടി നൽകില്ല, മറ്റ് സ്ഥിതിവിവര കണക്കുകളും കൈമാറില്ല. ശമ്പള പരിഷ്കരണ കുടിശിക നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന പ്രക്ഷോഭത്തിൽ ഇതുവരെയും അനുകൂലമായ തീരുമാനമില്ലാത്ത സാഹചര്യത്തിലാണ് അഞ്ചാം ആഴ്ചയും ഒപി ബഹിഷ്കരണം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാൻ സംഘടന തീരുമാനിച്ചത്.
ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെന്നതിനാൽ സമരം തുടരാൻ കെജിഎംസിടിഎ തീരുമാനിച്ചിരുന്നു.

