നിഠാരി കൊലപാതക പരമ്പര; അവസാന കേസിലെ പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടു
കുപ്രസിദ്ധമായ നിഠാരി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട അവസാനത്തെ ബലാത്സംഗ, കൊലപാതക കേസില്‍ പ്രതിയായ സുരേന്ദ്ര കോലിയെ സുപ്രീംകോടതി വെറുതെ വിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നാങ്ക ബെഞ്ചാണ് കോലിയുടെ തിരുത്തല്‍ ഹര്‍ജി പരിഗണിച്ചത്. കോലിക്കെതിരായ 13ാത്തെ കൊലപാതക കേസിലാണ് കോടതി വെറുതെ വിട്ടത്. മറ്റു കേസുകളിലെല്ലാം നേരത്തെ തന്നെ കോലിയെ വെറുതെ വിടുകയോ ശിക്ഷയില്‍ ഇളവ് ലഭിക്കുകയോ ചെയ്തിരുന്നു. ഇതോടെ കോലി ഉടന്‍ ജയില്‍ മോചിതനാകും.
വെറും മൊഴികളുടെയും, അടുക്കളയില്‍ നിന്ന് കണ്ടെത്തിയ കത്തിയുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് കോലിയെ അറസ്റ്റ് ചെയ്തത് എന്ന് കോടതി നിരീക്ഷിച്ചു.
2006ല്‍ നോയിഡയിലെ സെക്ടര്‍ 36ലാണ് കുപ്രസിദ്ധമായ നിഠാരി കൊലപാതക പരമ്പര അരങ്ങേറിയത്. കേസില്‍ ഒന്നാം പ്രതി ആയിരുന്ന മണിന്ദര്‍ സിംഗ് പന്തറിനെ തെളിവുകളുടെ അഭവത്തില്‍ നേരത്തെ വെറുതെ വിട്ടിരുന്നു. പെണ്‍കുട്ടികള്‍ അടക്കം 19 പേരാണ് കൊല്ലപ്പെട്ടത്
2005 മുതല്‍ 2006 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ് നിഠാരി കൂട്ടക്കൊല. 2006 ഡിസംബറില്‍ നിഠാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് രാജ്യം ഞെട്ടിയ കൂട്ടക്കൊല പുറംലോകമറിഞ്ഞത്.

