അമ്പലപ്പുഴ മണ്ഡലത്തിൽ ലൈഫ് പദ്ധതിയിൽ മാതൃകയായി പുന്നപ്ര വടക്ക് പഞ്ചായത്ത് – എച്ച്. സലാം എം.എൽ.എ
പുന്നപ്ര വടക്ക് പഞ്ചായത്ത് വികസന സദസ്സ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി ആയ ലൈഫ് ഭവന പദ്ധതി ഏറ്റെടുത്ത് അമ്പലപ്പുഴ മണ്ഡലത്തിൽ ഏറ്റവും നന്നായി പ്രവർത്തിച്ച് മാതൃകയായത് പുന്നപ്ര വടക്ക് പഞ്ചായത്താണെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് 393 കുടുംബങ്ങൾക്ക് വീട് അനുവദിച്ചെന്നും അതിൽ 304 വീടുകൾ പൂർത്തീകരിച്ചെന്നും എം എൽ എ കൂട്ടിച്ചേർത്തു.
അതിദാരിദ്ര്യ നിർമ്മാജ്ജന പദ്ധതിയിലൂടെ പഞ്ചായത്തിലെ 30 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി 23 കുടുംബങ്ങളെ അതിദാരിദ്ര്യം ഇല്ലാതാക്കിയതായി സദസ്സിൽ അവതരിപ്പിച്ച പഞ്ചായത്തിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളിൽ 26 പേർക്ക് സ്ഥലം വാങ്ങി നൽകി. ഡിജി കേരളം വഴി കണ്ടെത്തിയ 1635 പഠിതാക്കളുടെയും പരിശീലനം പൂർത്തീകരിച്ചു.
പാലിയേറ്റീവ് കെയർ രംഗത്ത് രജിസ്റ്റർ ചെയ്ത 101 കിടപ്പ് രോഗികൾക്ക് എല്ലാ മാസവും വീടുകളിൽ എത്തി പരിശോധന നടത്തി കൂടാതെ ഹോമിയോ, ആയുർവേദ ഡോക്ടർമാരുടെ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. കമ്മ്യൂണിറ്റി ഹാൾ,സ്മാർട്ട് അങ്കണവാടി എന്നിവ നിർമിച്ചു. പഞ്ചായത്ത് ഓഫീസ്, കോൺഫറൻസ് ഹാൾ നവീകരിച്ചു.
മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി 17 മിനി എം സി എഫുകൾ, പൊതുസ്ഥലങ്ങളിൽ 17 ബോട്ടിൽ ബൂത്തുകൾ എന്നിവ സ്ഥാപിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, അധ്യക്ഷയായി.

