ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ
കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ. റെയിൽവേ പൊലീസിന്റെ കരുതൽ തടങ്കലിലാണ് ബണ്ടി ചോറുള്ളത്. ഇന്നലെ രാത്രിയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഇയാൾ എത്തിയത്. റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ എസ് പി ഷഹൻഷായുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. ഇയാൾ പറയുന്ന ചില കാര്യങ്ങളിൽ വൈരുധ്യമുണ്ട്. അഭിഭാഷക കാണാൻ എത്തിയതാണെന്നാണ് പറഞ്ഞത്. ബണ്ടി ചോറിന്റെ മാനസിക നില പരിശോധിക്കാനും റെയിൽവേ പൊലീസ് തയ്യാറെടുക്കുകയാണ്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചാകും പരിശോധന നടത്തുക.
700 ൽ പരം മോഷണക്കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ബണ്ടി ചോറിനെ എറണാകുളത്ത് നിന്ന് കഴിഞ്ഞ ദിവസം റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നുമാണ് എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചത്. പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്വ. ബിഎ ആളൂരിന്‍റെ ഓഫീസിലേക്കാണ് ബണ്ടി ചോര്‍ പോയത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. ആളൂർ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്ന് ബണ്ടി ചോർ പറഞ്ഞു.

