ഹോങ്കോങിൽ 31 നില കെട്ടിടത്തിന് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം
വടക്കന്‍ തായ്‌പേയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഹോങ്കോങിലെ വടക്കന്‍ തായ്‌പേ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സമുച്ചയത്തിലെ വാങ് ഫുക് കോര്‍ട്ട് ബ്ലോക്കില്‍ ഇന്ന് വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പുറംഭാഗം മുഴുവനായും തീ വ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അഗ്നിശമന സേന അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സഹായവും സന്നാഹങ്ങളും എത്തിച്ച് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുള്ള ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്.
31 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എത്ര പേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നു എന്ന കാര്യത്തില്‍ കൃത്യമായ ധാരണയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി ആംബുലന്‍സുകളും ഫയര്‍ ഫോഴ്‌സും പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ലോകത്തെ തന്നെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് ഹാങ്കോങിലെ വാങ് ഫുക് കോര്‍ട്ട്.

