പോസ്റ്റല്‍ ബാലറ്റിന് പോസ്റ്റിങ്ങ് ഓര്‍ഡറിന്റെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച് കിട്ടുന്നതിനായി പോസ്റ്റിങ്ങ് ഓര്‍ഡറിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഡിസംബര്‍ രണ്ടിനുള്ളില്‍ നല്‍കണം. പ്രിസൈഡിങ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആയി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ അപേക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ ബാലറ്റിനായി അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. എല്ലാ തലത്തിലെയും പോസ്റ്റല്‍ ബാലറ്റിനായി മൂന്നു വരണാധികാരികള്‍ക്കുമുള്ള ഫോറം 15 ലെ മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വരണാധികാരിക്ക് നല്‍കിയാലും മതി. അപേക്ഷയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വാര്‍ഡ് പാര്‍ട്ട് നമ്പര്‍, ക്രമനമ്പര്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം രേഖപ്പെടുത്തണം. അപേക്ഷാ ഫോറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലും ലഭ്യമാണ്.

