'ഡിറ്റ് വാ' ചുഴലിക്കാറ്റ് എത്തുന്നു
ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലെ അതി തീവ്ര ന്യുന മർദ്ദം വരും മണിക്കൂറിൽ ചുഴലിക്കാറ്റായി മാറും. 'ഡിറ്റ് വാ' എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കാറ്റ് വടക്കൻ തമിഴ് നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരദേശ മേഖലയിൽ ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആദ്യ ഘട്ട മുന്നറിയിപ്പായ യെല്ലോ അലർട്ട് മേഖലയിൽ പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്നാട് - ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ 7 ജില്ലകളിലും എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു. 'ഡിറ്റ് വാ' ചുഴലിക്കാറ്റ് നിലവിൽ കേരളത്തിന് വലിയ ഭീഷണി ഉയർത്തില്ലെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് മാത്രമാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ കേരള തീരത്ത് നാളെ കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

