‘ഹരിത വിദ്യാലയം 4.0’: വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ തിളങ്ങി 16 സ്‌കൂളുകള്‍
പൊതുവിദ്യാലയങ്ങള്‍ക്ക് വേണ്ടി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) നടത്തിയ ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയില്‍ സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലയിലെ 16 സ്‌കൂളുകള്‍ ഇടംപിടിച്ചു. പ്രാഥമിക പട്ടികയില്‍ ആകെ 85 വിദ്യാലയങ്ങളാണ് ഇടംപിടിച്ചത്.
എച്ച്.എം.വൈ.എച്ച്.എസ് മഞ്ചേരി, എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂര്‍, ജി.എച്ച്.എസ് അഞ്ചച്ചവടി, ഐ.ഒ.എച്ച്.എസ് എടവണ്ണ, ഇ.എം.ഇ.എ.എച്ച്.എസ് കൊണ്ടോട്ടി, ജി.എച്ച്.എസ് വാഴക്കാട്, ബഡ്‌സ് സ്‌കൂള്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ്, ഒ.യു.പി.എസ് പടിഞ്ഞാറ്റുമ്മുറി, ജി.യു.പി.എസ് മൂര്‍ക്കനാട്, ജി.യു.പി.എസ് കൂട്ടിലങ്ങാടി, എ.എല്‍.പി.എസ് എലംപുലശ്ശേരി, എ.എം.എല്‍.പി.എസ് വില്ലൂര്‍, ജി.എം.എല്‍.പി.എസ് പാണ്ടിക്കാട്, ജി.എല്‍.പി.എസ് ക്ലാരി, എ.എം.എല്‍.പി.എസ് പടിഞ്ഞാറെക്കര, ജി.എല്‍.പി.എസ് കരുവാരക്കുണ്ട് എന്നീ വിദ്യാലയങ്ങളാണ് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
സ്‌കൂളുകള്‍ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങള്‍ക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം. പരിപാടിയുടെ ഫ്‌ളോര്‍ ഷൂട്ട് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയില്‍ ഡിസംബര്‍ 26 മുതല്‍ ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സില്‍ 2026 ജനുവരി ആദ്യം മുതല്‍ ഷോ സംപ്രേഷണം ചെയ്യും.
അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്‌കൂളുകള്‍ക്കും വിജയികള്‍ക്കും ഫെബ്രുവരിയില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ പ്രത്യേക അവാര്‍ഡുകള്‍ സമ്മാനിക്കും. ഓണ്‍ലൈനായി സംഘടിപ്പിക്കപ്പെട്ട മീറ്റിങില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളുമായി കൈറ്റ് സി.ഇ.ഒ കെ. അന്‍വസാദത്ത് ആശയവിനിമയം നടത്തി. ഫ്‌ളോര്‍ ഷൂട്ടിന് മുമ്പായി വിദ്യാലയങ്ങള്‍ ചെയ്തു വരേണ്ട കാര്യങ്ങളെ സംബന്ധിച്ചും ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രത്യേകതകള്‍ സംബന്ധിച്ചും വിശദീകരണം നല്‍കി. പരിപാടിയില്‍ കൈറ്റ് മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് ഷെരീഫ് പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങള്‍ വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ ചര്‍ച്ച ചെയ്യും. സുസജ്ജമായ ഭൗതിക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ, റോബോട്ടിക്‌സ് ഉള്‍പ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്‌കൂളുകള്‍ക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വര്‍ഷങ്ങളിലാണ് മുമ്പ് റിയാലിറ്റി ഷോ നടന്നത്.

