തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 75ന്റെ നിറവില്‍
സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നവംബര്‍ 27ന് എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. 1951-ല്‍ സ്ഥാപിതമായ ഈ സ്ഥാപനം സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ വളര്‍ച്ചയിലും കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിനും നിര്‍ണായക സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. മെഡിക്കല്‍ കോളേജില്‍ നിന്നും പഠിച്ച ഡോക്ടര്‍മാര്‍ ലോകത്തെമ്പാടും സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തെ മുന്‍നിര മെഡിക്കല്‍ വിദ്യാഭ്യാസ, ചികിത്സാ സ്ഥാപനങ്ങളിലൊന്നായി മെഡിക്കല്‍ കോളേജ് വളര്‍ന്നു. ഈ കാലഘട്ടത്തില്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി വിഭാഗം സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തി. എസ്.എ.ടി. ആശുപത്രി രാജ്യത്തെ 10 ആശുപത്രികളിലൊന്നായി അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയിലും ഉള്‍പ്പെട്ടു. മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ആദ്യമായി ദേശീയ റാങ്കിംഗില്‍ ഉള്‍പ്പെട്ടു. എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടന്ന വേളയില്‍ മെഡിക്കല്‍ കോളേജിലെ എല്ലാവര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശംസകള്‍ നേര്‍ന്നു.
125 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന വിശാലമായ ക്യാമ്പസാണ് മെഡിക്കല്‍ കോളേജ്. സംസ്ഥാനത്തെ വിവിധ ജില്ലകള്‍ക്ക് പുറമേ അതിര്‍ത്തിക്കടുത്തുള്ള തമിഴ്‌നാട്ടിലെ ജില്ലകള്‍ക്കും പ്രധാന ആശ്രയമാണ് മെഡിക്കല്‍ കോളേജ്. പ്രതിദിനം 8,000ത്തോളം പേര്‍ ഒപിയിലും 500 ഓളം പേര്‍ ഐപിയിലുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്എടിയിലുമായി പുതുതായി ചികിത്സ തേടുന്നു. 250 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന എം.ബി.ബി.എസ് കോഴ്‌സിന് പുറമെ 24 സ്‌പെഷ്യാലിറ്റികളും, 16 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങളും നടക്കുന്നു.
നഴ്‌സിംഗ് കോളേജ്, ദന്തല്‍ കോളേജ്, ഫാര്‍മസി കോളേജ്, പ്രിയദര്‍ശിനി പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍, ചെസ്റ്റ് ഹോസ്പിറ്റല്‍, റീജിയണല്‍ ലിംബ് ഫിറ്റിങ്ങ് സെന്റര്‍, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താല്‍മോളജി, പാങ്ങപ്പാറ അര്‍ബന്‍ ഹെല്‍ത്ത് യൂണിറ്റ്, വക്കം റൂറല്‍ ഹെല്‍ത്ത് യൂണിറ്റ് എന്നിവ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, അച്യുതമേനോന്‍ റിസര്‍ച്ച് സെന്റര്‍, ആര്‍സിസി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളും ഈ ക്യാമ്പസിലാണ്.
മെഡിക്കല്‍ കോളേജില്‍ വലിയ വികസനമാണ് ഈ കാലഘട്ടത്തില്‍ സാധ്യമാക്കിയത്. 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ഫീറ്റല്‍ മെഡിസിന്‍, പീഡിയാട്രിക് ഗ്യാസ്ട്രോ, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിച്ചു.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി. സ്‌ട്രോക്ക് സെന്ററും ഇന്റെര്‍വെന്‍ഷനല്‍ ന്യൂറോളജിയും യാഥാര്‍ത്ഥ്യമാക്കി. ആദ്യമായി കാന്‍സര്‍ രോഗികള്‍ക്ക് നൂതന റേഡിയേഷന്‍ നല്‍കുന്ന ഉപകരണമായ ലിനാക് സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക് സ്ഥാപിച്ചു. 7.3 കോടി രൂപ ചെലവില്‍ സ്‌പെക്റ്റ് സ്‌കാന്‍ സ്ഥാപിച്ചു.
എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. എമര്‍ജന്‍സി മെഡിസിന്‍ മൂന്ന് പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു. പീഡിയാട്രിക് നെഫ്രോളജി ഡിഎം കോഴ്‌സ് ആരംഭിക്കുന്നതിന് രണ്ട് സീറ്റുകള്‍ അനുമതി ലഭ്യമാക്കി. പള്‍മനറി മെഡിസിനില്‍ ഡിഎം കോഴ്‌സ് ആരംഭിക്കുന്നതിന് രണ്ട് സീറ്റുകള്‍ അനുമതി ലഭ്യമാക്കി.
ആദ്യമായി ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു ഇ ബസ് സംവിധാനം, സ്‌കില്‍ ലാബ്, മുലപ്പാല്‍ ബാങ്ക് എന്നിവ സ്ഥാപിച്ചു. എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. നട്ടെല്ല് നിവര്‍ത്തുന്ന സ്‌കോളിയോസിസ് സര്‍ജറി ആരംഭിച്ചു. 2024-25 സാമ്പത്തിക വര്‍ഷം 125 കോടിയോളം രൂപയുടെ സൗജന്യ ചികിത്സയാണ് വിവിധ ആരോഗ്യ ക്ഷേമ പദ്ധതികള്‍ വഴി രോഗികള്‍ക്ക് ലഭ്യമാക്കിയത്.

