ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; മരണം 50 കടന്നു
ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. 50 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 25 പേരെ കാണാതായി. കഴിഞ്ഞ 48 മണിക്കൂറായി ശക്തമായ മഴയാണ് ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്.രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അവധി പ്രഖ്യാപിച്ചു. എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും നിർത്തിവയ്‌ക്കാൻ നിർദേശിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ പൊതുഅവധി നൽകി. വിമാനങ്ങൾ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും തിരിച്ചുവിട്ടിട്ടുണ്ട്.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി. തമിഴ്നാട്ടിൽ ഏഴ് ജില്ലകളിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് നവംബർ 30 ഓടെ ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരങ്ങളിൽ എത്തും. വരും ദിവസങ്ങളിൽ കനത്ത മഴ ലഭിക്കും. ഡിസംബർ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തമിഴ്നാട്, കേരളം, തീരദേശ ആന്ധ്രാപ്രദേശ്, കർണാടക, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

