തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങള്‍ സജ്ജം
* 5899 കൺട്രോള്‍ യൂണിറ്റുകളും 16172 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും
തദ്ദേശ തിരഞ്ഞെടുപ്പിനായി മലപ്പുറം ജില്ലയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സജ്ജം. 5899 കൺട്രോള്‍ യൂണിറ്റുകളും 16172 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയില്‍ വോട്ടെട്ടുപ്പിനായി ഉപയോഗിക്കുക. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഡിസംബര്‍ മൂന്ന് മുതല്‍ ജില്ലയിലെ വെയർ ഹൗസിൽ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനുള്ള നടപടികൾ 29 മുതൽ സിവിൽ സ്റ്റേഷനിലെ വെയർ ഹൗസിൽ ആരംഭിക്കും. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. അവ വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മറ്റു പോളിങ് സാമഗ്രികള്‍ക്കൊപ്പം വിതരണം ചെയ്യും.
പൊതുതിരഞ്ഞെടുപ്പിന് മള്‍ട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുക. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇ.വി.എമ്മിന് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിങ് കംപാര്‍ട്ട്മെന്റില്‍ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭകളില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഇ.വി.എം മെഷീനുകള്‍ക്ക് സാങ്കേതിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ റിസേര്‍വ് ഇ.വി.എം മെഷീനുകളും സജ്ജമാണ്. 20 ശതമാനം റിസര്‍വ് ഇ.വി.എം മെഷീനുകള്‍ റിട്ടേണിങ്ങ് ഓഫീസര്‍മാരുടെ അധീനതയില്‍ സൂക്ഷിക്കും.
ഒരു ബാലറ്റ് യൂണിറ്റില്‍ 15 വരെ സ്ഥാനാര്‍ത്ഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം 15-ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക. വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കുന്നതിന് ഇത്തവണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക ഇ.വി.എം സോഫ്‌റ്റ്‌വെയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

