എസ്.ഐ.ആര്‍: കോളജ് വിദ്യാര്‍ഥികൾക്ക് അഭിനന്ദനം
വോട്ടര്‍ പട്ടിക പുതുക്കല്‍ പൂര്‍ത്തീകരണ തീവ്രയജ്ഞ പരിപാടിയില്‍ പങ്കാളികളായ കല്ലിക്കണ്ടി എന്‍.എ.എം കോളജ് വിദ്യാര്‍ത്ഥികളെ തലശ്ശേരി സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി കോളജിലെത്തി അഭിനന്ദിച്ചു. കോളേജില്‍ സംഘടിപ്പിച്ച രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ കൂത്ത്പറമ്പ് മണ്ഡലത്തിലെ മുപ്പതോളം ബി.എല്‍.ഒ മാര്‍ പങ്കെടുത്തു. കോളജിലെ എന്‍.സി.സി കേഡറ്റുകള്‍ ഉള്‍പ്പെടെ 120 വിദ്യാര്‍ത്ഥികള്‍ ഫോറം അപ്ലോഡ് ചെയ്യാന്‍ സഹായിച്ചു. ഇത്രയും പേരെ ഒരേ സമയം ഒരു സ്ഥലത്ത് ഒരുമിച്ചിരുത്തി എസ്.ഐ.ആര്‍ അപ്‌ലോഡ് ചെയ്യുന്നത് ആദ്യമായാണെന്ന് സബ് കളക്ടര്‍ പറഞ്ഞു.
ബി.എല്‍.ഒമാരുടെ പ്രയാസം കണക്കിലെടുത്ത് സബ് കളക്ടറുടെ ആവശ്യപ്രകാരം കോളേജ് പ്രിന്‍സിപ്പല്‍ പ്രത്യേകം താത്പര്യമെടുത്താണ് കോളേജില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. എന്‍ സി സി കേഡറ്റുകളെ കൂടാതെ കമ്പ്യൂട്ടര്‍ സയന്‍സ്, പോളിമര്‍ കെമിസ്ട്രി, ബി.ബി.എ ക്ലാസിലെ കുട്ടികളും ക്യാമ്പില്‍ പങ്കെടുത്തു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ എ.പി. ഷമീര്‍, എം.ഇ.എഫ് ജനറല്‍ സെക്രട്ടറി പി.പി.എ ഹമീദ്, സെക്രട്ടറി സമീര്‍ പറമ്പത്ത്, അഡീഷണല്‍ അസിസ്റ്റന്റ് ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ സി.വി മോഹനന്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ പി. സരിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

