
കേരളത്തിൽ സ്‍ത്രീ ക്ലിനിക്കുകൾക്ക് തുടക്കം; ചൊവ്വാഴ്ചകളില്‍ പരിശോധന
* 5415 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും 322 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പരിശോധന
സ്ത്രീകളുടെ രോഗ പ്രതിരോധത്തോടൊപ്പം ആരോഗ്യമുള്ള ശരീരവും മനസും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സ്ത്രീ ക്ലീനിക്കുകൾ സംസ്ഥാനത്തെ സ്ത്രീകൾക്കുള്ള സമർപ്പണമാണെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്താണ്. ശാരീരികമായ ബുദ്ധിമുട്ടുകൾ ആരും അവഗണിക്കരുത്. ജീവിതത്തിന്റെ മുൻഗണനയിൽ ആരോഗ്യവും ഉൾപ്പെടണം. 6 മാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തണം. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തും. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എല്ലാ ചൊവ്വാഴ്ചയും സ്ത്രീകൾക്കായി സമർപ്പിക്കുന്നു. കാൻസർ സ്‌ക്രീനിംഗിലും പരിശീലനം സിദ്ധിച്ചവരാണ് ഇവിടെയുള്ളത്. 5415 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും 322 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യമുണ്ട്. സ്ത്രീ സംബന്ധമായ പ്രശ്നങ്ങളും ഇവിടെ പരിഹരിക്കുന്നാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ആർദ്രം മിഷനിലൂടെ 10 കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. രോഗ പ്രതിരോധവും രോഗ നിർമ്മാർജനവും അതിൽ പ്രധാനമാണ്. സ്ത്രീകൾ അവരവരുടെ ആരോഗ്യത്തിന് എത്ര പ്രാധാന്യമാണ് നൽകുന്നതെന്ന് ഓർക്കണം. കാൻസർ എന്ന് കേൾക്കുമ്പോൾ പലർക്കും ഭയമാണ്. ലക്ഷണം കാണുന്നെങ്കിലും അവഗണിക്കും. ഭയം കാരണം പലരും പരിശോധിക്കുന്നില്ല. രാജ്യത്ത് ഏറ്റവും ആയുർദൈർഘ്യമുള്ള സംസ്ഥാനം കേരളമാണ്. എത്രനാൾ ജീവിച്ചാലും ഗുണനിലവാരമുള്ള ജീവിതം നയിക്കണമെങ്കിൽ ആരോഗ്യം ഉറപ്പാക്കണം.
വിളർച്ച പരിഹരിക്കുന്നതിന് വിവ കേരളം പദ്ധതി നടപ്പിലാക്കി. രോഗ പ്രതിരോധം വളരെ പ്രധാനമാണ്. 30 വയസിന് മുഴുവൻ ആളുകളിലും ജീവിതശൈലീ സ്‌ക്രീനിംഗ് നടത്തണം. കാൻസർ സ്‌ക്രീനിംഗിന്റെ ഭാഗമായി 18.5 ലക്ഷത്തോളം പേരെ സ്‌ക്രീൻ ചെയ്തു. അതിൽ 235 പേർക്ക് സ്തനാർബുദവും 71 പേർക്ക് സെർവിക്കൽ കാൻസറും 35 പേർക്ക് വായിലെ കാൻസറും കണ്ടെത്തി. കാൻസർ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം. പ്രാരംഭ ഘട്ടത്തിലാണെങ്കിൽ വളരെ കുറഞ്ഞ ചെലവിൽ ചികിത്സിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ മേടയിൽ വിക്രമൻ, കൗൺസിലർ ശ്രീദേവി എ, പള്ളിത്തുറ പാരിഷ് പ്രീസ്റ്റ് ഫാ. ബിനു അലക്‌സ്, അഡീഷണൽ ഡയറക്ടർമാരായ ഡോ. വി. മീനാക്ഷി, ഡോ. റീത്ത കെ.പി., ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ഡോ. ബിപിൻ ഗോപാൽ, എസ്പിഎം ഡോ. ബിജോയ്, ഡിപിഎം ഡോ. അനോജ്, നോഡൽ ഓഫീസർമാരായ ഡോ. രാഹുൽ യു.ആർ, ഡോ. മഹേഷ് എൻ, ഡോ. എബി സൂഷൻ, ഡോ. ലിപ്‌സി പോൾ, ഡോ. ശിൽപ ബാബു തോമസ്, കേന്ദ്ര ഒബ്‌സർവർ മദൻ ഗോപാൽ, ഡോ. അർനോൾഡ് ദീപക്, ഡോമി ജോൺ തുടങ്ങിയവർ പങ്കെടുത്തു.