
മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി പി തങ്കച്ചൻ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ടി വി തങ്കമ്മയാണ് ഭാര്യ. മൂന്ന് മക്കള്‍. 2004 മുതൽ 2018 വരെ തുടർച്ചയായി പതിനാല് വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. എട്ടാം കേരള നിയമസഭയിലെ സ്പീക്കർ, രണ്ടാം എ കെ ആൻ്റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു. 2004ൽ കെ മുരളീധരന്‍ സ്ഥാനമൊഴിഞ്ഞതോടെ കെപിസിസിയുടെ താത്കാലിക പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 1939 ജൂലൈ 29ന് അങ്കമാലിയിലാണ് തങ്കച്ചന്‍റെ ജനനം. തേവര എസ്എച്ച് കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു. 1968ൽ പെരുമ്പാവൂർ കോർപറേഷൻ്റെ ചെയർമാൻ ആയിട്ടാണ് പൊതുരംഗത്തേക്കുള്ള പ്രവേശനം. 1977 മുതൽ 1989 വരെ എറണാകുളം ഡിസിസി പ്രസിഡന്റായി. 1982ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും (1987,1991,1996) പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമസഭാംഗമായി. 2001ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഐ എമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു. 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സിപിഐ എമ്മിലെ എം എം മോനായിയോട് പരാജയപ്പെട്ടു.