
പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതികളുടെ മകള്‍ കസ്റ്റഡിയിൽ
എറണാകുളം പറവൂര്‍ കോട്ടുവള്ളിയിലെ വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ പൊലീസുകാരന്‍റെ മൂത്ത മകള്‍ കസ്റ്റഡിയിൽ. ഏറെ നേരം നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സർക്കാർ ഉദ്യോഗസ്ഥയായ മകൾക്ക് കേസുമായി ബന്ധമില്ലെന്നും അകാരണമായി ഇവരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഇവരുടെ അഭിഭാഷകർ പൊലീസിനെ തടയുകയായിരുന്നു. ഇതോടെ കോടതിയിൽ നിന്ന് പ്രത്യേക അനുമതി പത്രം എത്തിച്ച ശേഷമാണ് രാത്രി വൈകി പ്രതികളുടെ മകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്‍റെ ഭാര്യ ബിന്ദുവിന്‍റെയും മകളെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസെത്തിയത്. കൊച്ചി കലൂരിലാണ് പൊലീസ് നടപടിയെ അഭിഭാഷകര്‍ തടഞ്ഞത്. ബലം പ്രയോഗിച്ചാണ് പൊലീസ് മകളെ കസ്റ്റഡിയിലെടുത്തതെന്നും മജിസ്ട്രേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ് മജിസ്ട്രേറ്റിന്‍റെ ഉത്തരവ് വാങ്ങിയതെന്നും അഭിഭാഷകര്‍ ആരോപിച്ചു.