
24 മണിക്കൂറിനുള്ളിൽ വീണ്ടും തീരുവ വർധിപ്പിക്കും’: ഭീഷണിയുമായി ട്രംപ്
ഇന്ത്യ നല്ലൊരു വ്യാപാരപങ്കാളിയല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ കാര്യമായ തോതിൽ വർധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25% തീരുവയും അതിനുമേൽ പിഴയും ഈടാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഈ മാസം ഒന്നിന് ട്രംപ് ഒപ്പിട്ടിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും തീരുവ കൂട്ടുമെന്ന പ്രഖ്യാപനം.
ഇന്ത്യയുമായി യുഎസ് കാര്യമായ വ്യാപാരം നടത്തുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഏറ്റവും തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 25% തീരുവ ചുമത്തിയത്. റഷ്യയിൽനിന്ന് അവർ ഇപ്പോഴും എണ്ണ വാങ്ങുന്നതുകൊണ്ട് തീരുവ കൂട്ടാൻ പോകുകയാണെന്നും ട്രംപ് പറഞ്ഞു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നത് അനീതിയാണെന്നു വിദേശമന്ത്രാലയം പ്രതികരിച്ചിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യയ്ക്കു കൂടുതൽ തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ റഷ്യയും വിമർശനവുമായി രംഗത്തെത്തി.
ഇന്ത്യയ്‌ക്കെതിരെ തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യയിൽനിന്നു വൻതോതിൽ എണ്ണ വാങ്ങുന്ന ഇന്ത്യ ഇത് ഉയർന്ന ലാഭത്തിനു പൊതുവിപണിയിൽ വിൽക്കുന്നെന്ന് ആരോപിച്ചാണ് പുതിയ തീരുവഭീഷണി ഉയർത്തിയത്. രാജ്യതാൽപര്യം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.