രാഹുലിന്റേത് ലൈംഗിക വൈകൃതക്കാരന്റെ നടപടി; മുഖ്യമന്ത്രി പിണറായി വിജയൻ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ലൈംഗിക വൈകൃതക്കാരനാണെന്നും പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖം സംവാദ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വിഷയത്തിൽ പൊലീസ് ഫലപ്രദമായ കാര്യമാണ് സ്വീകരിച്ചുവരുന്നത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിക്ക് സംരക്ഷണം ഒരുക്കുന്നതിനുള്ള നടപടികളാണ് ചിലർ സ്വികരിച്ചത്. രാഹുലിനെ സംരക്ഷിക്കാൻ ചിലരിൽനിന്ന് ബോധപൂർവ്വമായ ശ്രമം ഉണ്ടായി. ഇനിയെങ്കിലും അത്തരം സംരക്ഷണങ്ങൾ ഒരുക്കാതിരിക്കണം. പൊലീസ് ഫലപ്രദമായി പ്രവർത്തിച്ച് ആളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുൽ പിടിയിലാകുന്നതിന് ആരും എതിരല്ലല്ലോ, അതിന് പൊലീസ് ശ്രമിക്കുകയല്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റേത് മാതൃകാപരമായ നടപടിയാണെന്ന് എങ്ങനെ പറയാനാകും. അത് പറയുമ്പോൾ ആ പറയുന്ന ആളുടെ അടുത്ത് ചിലപ്പോൾ അത്തരം കുറ്റത്തിൽ ജയിലിൽ കിടന്ന ആളുമുണ്ടാകാം. കോൺഗ്രസ് പാർട്ടിയിലുള്ള എംഎൽഎ ആയ ചിലർ ജയിലിലടക്കം കിടന്നിട്ടുണ്ട്. അവരെ പാർട്ടി പുറത്താക്കിയിട്ടുണ്ടോ? രാഹുലിന്റെ വിഷയത്തിൽ ഏതെല്ലാം രീതിയിലുള്ള വിവരങ്ങളാണ് പുറത്തുവന്നത്. എത്ര ബീഭത്സമായ കാര്യങ്ങളാണത്. സാധാരണഗതിയിൽ പ്രതീക്ഷിക്കാനാകാത്ത കാര്യങ്ങളാണ് പുറത്തുവന്നത്. മനുഷ്യമനസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്ന വൈകൃതങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു ലൈംഗിക വൈകൃതക്കാരന്‍റെതായ നടപടികളാണ് അയാളിൽ നിന്നുണ്ടായത്.
ഇത് ഒരു പൊതുപ്രവർത്തകനോ പൊതു സമൂഹത്തിനാ ചേരുന്നതല്ല. ഇത്തരത്തിലുള്ള ആരോപണങ്ങൾ വരുമ്പോൾ തന്നെ പൊതു പ്രവർത്തനത്തിൽനിന്ന് ഇത്തരക്കാരെ മാറ്റിനിർത്തേണ്ടതായിരുന്നു, മുഖ്യമന്ത്രി പറഞ്ഞു.

