കടുവകളുടെ എണ്ണം എടുക്കാന്‍ പോയി ഉള്‍വനത്തില്‍ കുടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി
ബോണക്കാട് ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. കടുവ സെൻസസിന് പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്. ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥർ നടന്നുവരികയായിരുന്നു. ഇവരുമായി സംഘം അടുത്ത ഷെൽട്ടർ ക്യാമ്പിലേക്ക് പോയി.
വഴിതെറ്റിയതാണ് ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങാൻ കാരണം എന്നാണ് വിവരം. മൊബൈൽ ഫോണിൽ കാട്ടിലേക്ക് കയറുന്ന വഴി രേഖപ്പെടുത്തിവെക്കാറുണ്ട്. ഇത് നോക്കിയാണ് തിരിച്ചിറങ്ങുന്നത്. എന്നാൽ ഈ ഫോൺ ഓഫ് ആയതോടെ ഉദ്യോഗസ്ഥർക്ക് നടന്ന വഴി മാറിപ്പോയി. വാക്കിടോക്കിയും പ്രവർത്തിച്ചിരുന്നില്ല.
ഇന്നലെ രാവിലെയാണ് ഉൾവനത്തിലേക്ക് പോയ മൂവർ സംഘത്തെ കാണാതായത്. പാലോട് റേഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, ഫോറസ്റ്റ് വാച്ചർ രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനീത എന്നിവരെ ആണ് കാണാതായത്. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്.
വൈകുന്നേരത്തോടെ ക്യാമ്പിൽ വരേണ്ടവർ മടങ്ങിയെത്താതെ വന്നതോടെ വലിയ ആശങ്ക ഉയർന്നിരുന്നു. മൊബൈലിന് റേഞ്ച് ഇല്ലാത്തത് മൂലം ഇവരെ ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. കാട്ടാനയും മറ്റ് വന്യമൃഗങ്ങളും അടക്കമുള്ളവ ഉള്ള സ്ഥലത്തേയ്ക്കാണ് ഉദ്യോഗസ്ഥ സംഘം സെൻസസിന് പോയത് എന്നതാണ് ആശങ്കയ്ക്കിടയാക്കിയത്.

