
കേരളത്തിന്റെ സൈന്യത്തിന് കരുതലുമായി സർക്കാർ; മുട്ടത്തറയിൽ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി
സർക്കാരിന്റെ കരുതലിൽ അടച്ചുറപ്പുള്ള ഭവനം സ്വന്തമാക്കി മൽസ്യത്തൊഴിലാളികൾ. തിരുവനന്തപുരം മുട്ടത്തറയില്‍ പുനര്‍ഗേഹം പദ്ധതി വഴി മൽസ്യത്തൊഴിലാളികൾക്കായി നിര്‍മ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിച്ചു.
‘പ്രത്യാശ’ എന്ന പേരില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന 400 ഫ്‌ലാറ്റുകളില്‍ പണിപൂര്‍ത്തിയായ 332 എണ്ണമാണ് മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇന്ന് മുഖ്യമന്ത്രി കൈമാറിയത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി വഴി 5,361കുടുംബങ്ങള്‍ക്കാണ് സർക്കാർ സുരക്ഷിത ഭാവനമൊരുക്കിയത്. പുനര്‍ഗേഹം തീരദേശ പുനരധിവാസ പദ്ധതിയില്‍ മുട്ടത്തറ വില്ലേജില്‍ 2023ലാണ് ഭവനസമുച്ചയത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 68 ഫ്‌ലാറ്റുകളുടെ പണി പൂര്‍ത്തിയാക്കും. ഉദ്‌ഘാടന പരിപാടിയിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ആന്റണി രാജു എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, ജനപ്രതിനിധികൾ , വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.