
KCL; സഞ്ജുവിന്റെ കൊച്ചിക്ക് ആദ്യ തോൽവി
കെസിഎൽ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആദ്യ തോൽവി. അവസാനം വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ തൃശൂർ ടൈറ്റൻസ് അഞ്ച് വിക്കറ്റിനാണ് കൊച്ചിയെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ അവസാന പന്തിൽ ലക്ഷ്യത്തിലെത്തി. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ എ.കെ. അജിനാസാണ് കളിയിലെ താരം.
തുടർച്ചയായ രണ്ടാം മത്സരത്തിലും സൂപ്പർ താരം സഞ്ജു സാംസൺ തന്നെയായിരുന്നു കൊച്ചിയുടെ ഇന്നിങ്സിനെ മുന്നിൽ നിന്ന് നയിച്ചത്. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ വിനൂപ് മനോഹരൻ പുറത്തായെങ്കിലും തുടർന്നെത്തിയ മുഹമ്മദ് ഷാനുവും സഞ്ജുവും ചേർന്ന് കൊച്ചിയ്ക്ക് മികച്ച തുടക്കം നല്‍കി. ആനന്ദ് ജോസഫ് എറിഞ്ഞ നാലാം ഓവർ മുതൽ സഞ്ജു ആഞ്ഞടിച്ചു. രണ്ട് സിക്സും ഒരു ഫോറുമടക്കം 18 റൺസാണ് ആ ഓവറിൽ സഞ്ജു നേടിയത്. സഞ്ജുവിന്റെ മികവിൽ കൊച്ചി ആറാം ഓവറിൽ അൻപത് റൺസ് പിന്നിട്ടു. 26 പന്തുകളിൽ നിന്ന് സഞ്ജു അർധ സെഞ്ചറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 76 റൺസ് പിറന്നു. 24 റൺസെടുത്ത ഷാനുവിനെ പുറത്താക്കി അജിനാസാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്.