ഹരിയാനയിൽ യുവതിയെ പീഡിപ്പിച്ച് കൊടുംതണുപ്പിലേക്ക് വലിച്ചെറിഞ്ഞു
ഹരിയാനയിലെ ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിനു ഇരയായ 25കാരിയെ വാഹനത്തിൽനിന്നും വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിതവേഗത്തിൽ ഓടിക്കൊണ്ടിരുന്ന വാനിൽനിന്നുമാണ് യുവതിയെ അക്രമികൾ വലിച്ചെറിഞ്ഞത്. ലിഫ്റ്റ് വാഗ്ദാനം ചെയ്തു യുവതിയെ വാഹനത്തിൽകയറ്റിയ ഉടൻ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി അക്രമികൾ പീഡിപ്പിക്കുകയായിരുന്നു. സഹായത്തിനായി നിലവിളിച്ചപ്പോഴാണ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയത്. രണ്ടുപേരാണ് വാനിലുണ്ടായിരുന്നത്. ഇവർ രണ്ടുപേരും പീഡിപ്പിച്ചതായി യുവതിയുടെ ബന്ധു മാധ്യമങ്ങളോടു പറഞ്ഞു.
സുഹൃത്തിന്റെ വീട്ടിൽ പോകുന്നതിനായി രാത്രി വൈകി ഫരീദാബാദിൽ വാഹനം കാത്തുനിൽക്കവെയാണ് യുവതിക്ക് വാനിലെത്തിയവർ ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. തുടർന്ന് 3 മണിക്കൂറോളം യുവതിയുമായി സഞ്ചരിച്ച അക്രമികൾ ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലെ വിജനമായ സ്ഥലത്ത് കൊടുംതണുപ്പിൽ വലിച്ചെറിയുകയായിരുന്നു. ഈ സമയം മണിക്കൂറിൽ 90 കിലോമീറ്ററിൽ കൂടുതൽ വേഗതയിലായിരുന്നു വാൻ സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

