പാലക്കാട് വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്
പാലക്കാട് ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന 65 കാരിക്ക് നേരെയായിരുന്നു അതിക്രമം ഉണ്ടായത്. നിലവില്‍ സുരേഷ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡൻ്റാണ് സുരേഷ്. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പ്രതി സുരേഷും മറ്റു മൂന്നുപേരും പാടൂർ അങ്ങാടിയിൽ പരസ്യമദ്യപാനം നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പുറമ്പോക്കിൽ കൂര കെട്ടികഴിയുകയാണ് 65 കാരി. ഉറങ്ങിക്കിടക്കുമ്പോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. അതിക്രമത്തിനെതിരെ പ്രതിരോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാൻ പ്രതി ശ്രമിച്ചു. വയോധിക ഉടൻ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടുകയും വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വയോധികയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

