ബുൾഡോസർ രാജ്; വീട് സൗജന്യമായി നൽകില്ല, 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ
ബംഗളൂരുവിലെ യെലഹങ്കയിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് സൗജന്യ വീടുകളില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ച് ലക്ഷം രൂപ കുടുംബങ്ങൾ അടയ്ക്കണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.
ബൈപ്പനഹള്ളിയിലാണ് വീടുകൾ നൽകുക. നേരത്തെ സൗജന്യ പുനരധിവാസം എന്ന തരത്തിൽ സൂചനകൾ ഉണ്ടായിരുന്നെങ്കിലും അത് തള്ളുകയാണ് മുഖ്യമന്ത്രി. 11 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഒരു വീടിന്റെ വില. ഇതിൽ അഞ്ച് ലക്ഷം രൂപ കുടുംബങ്ങൾ നൽകണം. ജനുവരിയിൽ വീടുകൾ നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇന്ന് സ്ഥലം സന്ദർശിച്ച് പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് ഡി കെ ശിവകുമാർ വിമർശിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കൂടി വേണ്ടിയാണ് ഒഴിപ്പിക്കൽ നടത്തിയത്. സർക്കാർ വസ്തുക്കൾ സംരക്ഷിക്കേണ്ടത് മന്ത്രിസഭയുടെ ചുമതലയെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.

