പൊന്നിന്‍റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ
സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡിന്‍റെ സമയത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. 5 വര്‍ഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അത്രത്തോളം വലിയ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. ഡിസംബർ 15 നാണ് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നത്.
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

