
ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: 9 സൈനികരെ കാണാതായതായി റിപ്പോർട്ട്
ഉത്തരകാശിയിലെ മേഘവിസ്ഫോടനത്തിൽ പതിനൊന്ന് സൈനികരെ കാണാതായതായി റിപ്പോർട്ട്. ഹർഷിലിലുള്ള സൈനിക ക്യാമ്പിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് സൈനികരെ കാണാതായത്. മേഘവിസ്ഫോടനമുണ്ടായ ധരാലിയിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയായിരുന്നു സൈനിക ക്യാമ്പ്. കാണാതായവരിൽ രണ്ട് പേരെ രക്ഷിച്ചതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു എന്നുമാണ് വിവരം.
ഉത്തരകാശിയിലെ ധാരാലി വില്ലേജിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ഖീർഗംഗ നദിയിൽ വലിയ വെള്ളപ്പാച്ചിലുണ്ടായി. നദി ധാരാലി ഗ്രാമത്തിലേക്ക് കുത്തിയൊലിച്ച് എത്തുകയായിരുന്നു. 60ഓളം ആളുകളെ കാണാതായി. ധാരാലി ഗ്രാമത്തിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ ആളുകളെ കണ്ടെത്താൻ കഡാവർ നായകളെ വിന്യസിച്ചു.
35 രക്ഷാപ്രവർത്തകർ വീതമുള്ള മൂന്ന് ടീമുകൾ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രദേശത്തെത്തി. ചണ്ഡീഗഡ്, സർസാവ, ബറേലി എന്നീ വ്യോമതാവളങ്ങളിൽ നിന്നുള്ള ഹെലികോപ്റ്ററുകൾ വ്യോമ രക്ഷാപ്രവർത്തനത്തിനും വിതരണ ദൗത്യങ്ങൾക്കുമായി സജ്ജമാക്കിയിട്ടുണ്ടെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച വരെ ഉത്തരാഖണ്ഡിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.