
തലപ്പാടിയിൽ കർണാടക ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 6 മരണം
കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കര്‍ണാട ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവർക്കിടയിലേക്കും ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം ആറായി. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്‌ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഇതില്‍ ഹസ്‌നയ്ക്ക് പതിനൊന്ന് വയസ് മാത്രമാണ് പ്രായം. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ നാല് പേര്‍ കര്‍ണാടക സ്വദേശികളെന്നാണ് വിവരം.
അമിത വേഗത്തിലെത്തിയ ബസാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഓട്ടോറിക്ഷയിലേക്കും ഇടിച്ചുകയറിയത്. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവര്‍ നിലവില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.