
ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും
ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത മാസം പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് വിമാന സർവീസുകൾ നടത്താൻ തയ്യാറാകാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്ത് അവസാനം ചൈന സന്ദർശിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ നീക്കം. 2019ന് ശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്.
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ടിയാൻജിനിൽ നടക്കുന്ന ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി ചൈനയിലെത്തുന്നത്. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെ ചൈന സ്വാഗതം ചെയ്തു. ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഫലപ്രദമായ ഫലങ്ങളുടെയും ഒരു ഒത്തുചേരലായിരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എന്നിവർ അടുത്ത കാലത്തായി എസ്‌സിഒയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.