
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഷിന്‍റോ സെബാസ്റ്റ്യന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗീകാതിക്രമ ആരോപണത്തില്‍ തന്റെ പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്ന് ഷിന്റോ സെബാസ്റ്റ്യന്‍. സംഭവത്തില്‍ തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഷിന്റോ പറഞ്ഞു. പ്രാഥമിക മൊഴിയെടുപ്പാണ് നടന്നതെന്നും കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും ഷിന്റോ വ്യക്തമാക്കി. ഇരകള്‍ക്ക് പരാതി നല്‍കാനുള്ള സാഹചര്യം ഒരുക്കണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ കടുത്ത ആക്രമണമാണ് നേരിടേണ്ടി വരുന്നത് എന്നും ഷിന്റോ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാഹുലിനെതിരായ പരാതിയില്‍ ക്രൈംബ്രാഞ്ച് ഷിന്റോയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഷിന്റോ പരാതി നല്‍കിയത്. ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല്‍ നടത്തിയതെന്ന് ഷിന്റോ സെബാസ്റ്റ്യന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.