
അങ്കണവാടി കെട്ടിട നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു
മുളക്കുഴ പഞ്ചായത്ത് രണ്ടാം വാർഡിലെ അങ്കണവാടി കെട്ടിടം നിർമ്മാണോദ്ഘാടനം ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പിരളശ്ശേരി മലയിൽ റോസ്മേരി വില്ലയിൽ മാത്യു വർഗീസ് മുളക്കുഴ പഞ്ചായത്തിന്
സൗജന്യമായി നൽകിയ അഞ്ചു സെൻ്റ് സ്ഥലത്ത് പഞ്ചായത്തിൻ്റെയും, ബ്ലോക്ക് പഞ്ചായത്തിൻ്റെയും തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 16 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
സ്ഥലം സൗജന്യമായി നൽകിയ മാത്യു വർഗ്ഗീസിനെ മന്ത്രി അഭിനന്ദിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ സദാനന്ദൻ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് രമാമോഹൻ, കെ എസ് സി എം എം സി ചെയർമാൻ എം എച്ച് റഷീദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബീന ചിറമേൽ, പഞ്ചായത്ത് അംഗം മറിയക്കുട്ടി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.