
യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ
പാറക്കണ്ടി ബവ്റിജസ് ഔട്ട്‌ലെറ്റിന് സമീപം കടവരാന്തയില്‍ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. തോട്ടട സമാജ് വാദി നഗറിലെ ഷെൽവിയെയാണ് (50) ഇന്നലെ രാവിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റതായി പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ ശശി എന്നയാളെ കസ്റ്റഡിയിലെടുത്തു.
രാത്രിയില്‍ ശെല്‍വിയെ ഇയാളോടൊപ്പം കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നഗരത്തിൽ ആക്രി ശേഖരിച്ച് വിൽക്കുന്നയാളായിരുന്നു ഷെൽവി. രാത്രികാലങ്ങളിൽ കടവരാന്തയിലാണ് ഉറങ്ങാറ്. ആക്രി പെറുക്കി ജീവിക്കുന്ന ശശി കുറച്ചു കാലമായി ഷെൽവിക്കൊപ്പമായിരുന്നു. തിങ്കളാഴ്ച രാത്രി വാക്കുതർക്കത്തെത്തുടർന്ന് ഇവർ തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ ശശി ഷെൽവിയുടെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച ശേഷം സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.