
പാക് അധീന കശ്മീരിലെ പ്രതിഷേധത്തില്‍ വെടിവെയ്പ്പ്; രണ്ട് മരണം
പാക് അധീന കശ്മീരിലെ മുസഫറാബാദില്‍ ഉടലെടുത്ത പ്രക്ഷോഭത്തില്‍ വെടിവെയ്പ്പ്. രണ്ട് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് ആര്‍മിയുടെയും ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലിം കോണ്‍ഫറന്‍സിന്റെയും ആളുകളാണ് വെടിയുതിര്‍ത്തതെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാള്‍ അന്തരീക്ഷത്തിലേക്ക് വെടിവെക്കുന്നതിന്റെയും പതാകയേന്തിയ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും മറ്റുചിലര്‍ കാറിന് മുകളില്‍ കയറി പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
70 വര്‍ഷത്തിലധികമായി നിഷേധിക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് വേണ്ടിയാണ് പ്രക്ഷോഭമെന്നാണ് അവാമി ആക്ഷന്‍ കമ്മിറ്റി പറയുന്നത്. പാകിസ്താനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയില്‍ നീക്കിവെച്ച 12 സീറ്റുകള്‍ നിര്‍ത്തലാക്കണം. ഇത് പ്രാദേശിക ഭരണത്തെ ദുര്‍ബലപ്പെടുത്തും എന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. പ്രാദേശികമായി പ്രയോജനകരമാകുന്ന ജലവൈദ്യുത പദ്ധതികളെ കുറിച്ച് പുനഃരാലോചിക്കണമെന്നും അവാമി ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.