
തളിപ്പറമ്പ് തീപിടിത്തം; 50 കടകൾ കത്തിനശിച്ചു, തീ നിയന്ത്രണവിധേയം
കണ്ണൂർ തളിപ്പറമ്പിലുണ്ടായ തീപിടിത്തത്തിൽ 50 കടകൾ കത്തിനശിച്ചു. തീ നിയന്ത്രണവിധേയമായതായി ജില്ലാ കളക്ടർ അറിയിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തക്കസമയത്ത് അഗ്നിരക്ഷാസേനയെത്തി തീയണക്കാൻ ശ്രമം തുടങ്ങിയതിനാൽ ആർക്കും ജീവഹാനി സംഭവിച്ചില്ലെന്നും കളക്ടർ അറിയിച്ചു. വ്യാഴം വൈകിട്ട് 4.55ന് നഗരസഭാ ബസ്സ്റ്റാൻഡിനോട് ചേർന്നുള്ള ദേശീയപാതയിലെ ചെരിപ്പ് കട മാസ്ട്രോയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടർന്ന് ഷാലിമാർ സ്റ്റോറിലും ഫൺസിറ്റി, കളിപ്പാട്ട കടയിലും മൊബൈൽ ഷോപ്പിലും തീ പടർന്നു.
ആളിപ്പടർന്ന തീ സമീപത്തെ മുഴുവൻ കടകളിലേക്കും വ്യാപിക്കുകയായിരുന്നു. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ പെരിങ്ങോം യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷ സേനാ യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സ്വകാര്യ കുടിവെള്ള ടാങ്കറുകളിൽ വിവിധ ഭാഗങ്ങളിൽ നിന്നായി വെള്ളം എത്തിച്ച് പൊലീസും നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ഉൾപ്പടെ തീയണക്കാൻ ശ്രമങ്ങൾ തുടങ്ങിയതും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചു.