
കരൂരിലേത് മനുഷ്യനിർമിത ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി
കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിൽ പൊതുനിരത്തിലെ റാലിയ്ക്കും പാർട്ടി പരിപാടികൾക്കും ഹൈക്കോടതി തടയിട്ടു.പൊതുമാനദണ്ഡം പുറത്തിറക്കും വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കരൂരിലേത് മനുഷ്യനിർമിത ദുരന്തമെന്ന് മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
സ്വന്തം പാർട്ടിയുടെ പരിപാടിക്കെത്തിയ സ്ത്രീകളും കുട്ടികളും അടക്കം മരിച്ചുകിടക്കുമ്പോൾ നേതാവ് മുങ്ങി. ഇതെന്ത് നേതാവാണ്? ഇതെന്ത് പാർട്ടിയാണ്… കരൂർ അപകടത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി പ്രിൻസിപ്പൽ ബെഞ്ച് അതിരൂക്ഷവിമർശനമാണ് വിജയ്ക്ക് എതിരെ നടത്തിയത്. വിജയ്‌ക്കെതിരെ കേസെടുക്കാത്തതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു.
ഖേദം പ്രകടിപ്പിക്കാതിരുന്ന നേതാവിന്റെ മനോനില വ്യക്തമായി. പാർട്ടി പ്രവർത്തകർപോലും സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു എന്നും കോടതി പറഞ്ഞു. പിന്നാലെയാണ് നോർത്ത് സോൺ ഐജി അസ്റ ഗാർഗിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്.
ഹർജിയിൽ സംസ്ഥാന സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വിജയ്യോട് സർക്കാരിന് വിധേയത്വമുണ്ടോയെന്ന് ചോദിച്ച കോടതി പൊലീസിന്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തിയെന്നും അഭിപ്രായപ്പെട്ടു.
പരിപാടിയുടെ സംഘാടകർ എന്ന നിലയിൽ ടിവികെ നേതാക്കൾക്ക് ജനങ്ങളോട് ഉത്തരവാദിത്വം ഇല്ലേ എന്ന് കോടതി ചോദിച്ചു. എന്നാൽ ജില്ലാ നേതാക്കൾ ആയിരുന്നു സംഘാടകരെന്നായിരുന്നു നേതാക്കളുടെ വാദം.