
തർക്കത്തിനിടെ പ്ലസ് ടു വിദ്യാർഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു
തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർഥിയുടെ കഴുത്തറത്ത് ആക്രമണം. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുലത്തൂരിലാണ് സ്റ്റേഷൻകടവ് സ്വദേശിയായ ഫൈസലിനു നേരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം ഉണ്ടായത്. കഴുത്തിൽ പത്തോളം തുന്നലുണ്ട്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നതിനിടെയാണ് ആക്രമണം. സംഭവത്തിൽ കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് പൊലീസ് പിടിയിലായി.
സ്കൂള്‍ വിട്ട് അഭിജിത്തിന്‍റെ വീടിനു സമീപത്ത് കൂടി വീട്ടിലേയ്ക്ക് മടങ്ങിയ ഫൈസലും സുഹൃത്തുക്കളും അഭിജിത്തുമായി വാക്കു തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിൽ അഭിജിത്ത് വീട്ടിൽ നിന്നും ബ്ലേഡ് എടുത്ത് പിന്നാലെ ഓടിയാണ് ഫൈസലിന്റെ കഴുത്തറുത്തത്. ആഴത്തിലുള്ള മുറിവുകളാണ് കഴുത്തിലേറ്റതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ഫൈസൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.