
ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനെതിരെ സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
അടുത്ത വെളളിയാഴ്ച്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വി ജെ അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. തങ്ങളുടേത് സിബിഎസ്ഇ സ്‌കൂളാണെന്നും അതിനാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും ഡിഡിഇയ്ക്കും ഇത്തരം നടപടികള്‍ സ്വീകരിക്കാനുളള അധികാരമില്ല, ഇതൊരു അമിതാധികാര പ്രയോഗമാണ് എന്നായിരുന്നു സെന്റ് റീത്താസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. ഹിജാബ് ധരിച്ച കുട്ടിയെ പുറത്തുനിർത്തിയ സംഭവത്തിൽ വിശദീകരണവുമായി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്തെത്തിയിരുന്നു.