
രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിൽ താഴ്ന്നു
രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിലേക്ക് താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി ഹെലികോപ്റ്റര്‍ തളളി നീക്കി. നിലയ്ക്കലെ ലാന്‍ഡിംഗ് മാറ്റിയതോടെ ഇന്ന് രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്. കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പേ തന്നെ ഹെലികോപ്റ്റര്‍ വന്നിറങ്ങിയതാണ് തറ താഴാന്‍ കാരണമായത്.
രാഷ്ട്രപതി ശബരിമല യാത്രയ്ക്കായി ആദ്യം നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മഴയടക്കമുളള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാന്‍ഡിംഗ് പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ ഏഴരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ദ്രൗപതി മുര്‍മു ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലെത്തി. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു രാഷ്ട്രപതിയുടെ യാത്ര.