ബി.എൽ.ഒ മാർക്കും കുടുംബാംഗങ്ങൾക്കും വീട്ടിലെത്തി സബ് കളക്ടറുടെ അഭിനന്ദനം
കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ നടത്തിയ രണ്ട് എസ്. ഐ.ആർ ഡിജിറ്റൈസേഷൻ മാരത്തോണുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ആറ് ബി.എൽ. ഒമാരെയും അവരുടെ കുടുംബങ്ങളെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് വീട്ടിലെത്തി അഭിനന്ദിച്ചു.
12 മണിക്കൂറും 24 മണിക്കൂറും നീണ്ടതായിരുന്നു ചലഞ്ചുകൾ. മികച്ച പ്രകടനം കാഴ്ച്ചവെച്ച ബി.എൽ ഒ മാരെ മാത്രം അഭിനന്ദിക്കുന്നതിനുപകരം, അവരോടൊപ്പം നിന്ന അവരുടെ കുടുംബങ്ങളെയും ആദരിക്കാൻ സബ് കളക്ടർ എത്തുകയായിരുന്നു.
മാതാപിതാക്കളെയും, ജീവിത പങ്കാളികളെയും, രാത്രി ഉറങ്ങാതെ മണിക്കൂറുകൾ ബി.എൽ. ഒമാരെ പിന്തുണച്ച കൊച്ചുകുട്ടികളെയും സബ്കളക്ടർ നേരിൽ കണ്ടു. ബി.എൽ. ഒ മാരായ ഷമീർ സി.എസ്. എസ്, സബീന കെ.എസ്, രതീഷ് ബി, തുടങ്ങിയവർ 12 മണിക്കൂർ ചലഞ്ചിലും അബ്ദുൾ സമദ് എൻ. എച്ച്, ജോസ്ന ജോസഫ്, ഷാഹുൽ. കെ.കെ എന്നിവർ 24 മണിക്കൂർ ചലഞ്ചിലും വിജയികളായി.

