എൻഎബിഎച്ച് സർട്ടിഫിക്കേഷൻ നേടിയ 14 ആരോഗ്യ സ്ഥാപനങ്ങളെ അനുമോദിച്ചു
ആയുഷ് സ്ഥാപനങ്ങൾ വഴി നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ രംഗത്ത് ഏർപ്പെടുത്തിയ എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്) സർട്ടിഫിക്കേഷൻ നേടിയ ജില്ലയിലെ 14 ആയുർവേദ, ഹോമിയോ സ്ഥാപനങ്ങളെ അനുമോദിച്ചു.
കളക്ടറേറ്റിലെ എപിജെ അബ്ദുൽ കലാം ഹാളിൽ ചേർന്ന അനുമോദന യോഗം പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലയിലെ ആയുർവേദ, ഹോമിയോ ആശുപത്രികൾ നിലവിൽ ശാക്തീകരിക്കപ്പെട്ട നിലയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുറെ കാലമായുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാണിത്. ഇപ്പോൾ ജില്ലയിലെ ഹോമിയോ, ആയുർവേദ ആശുപത്രികൾക്ക് മുമ്പിൽ രോഗികളുടെ വരി കാണാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ മികവിനുള്ള അംഗീകാരമാണ് എൻഎബിഎച്ച് സർട്ടിഫിക്കറ്റ്. അംഗീകാരം നേടിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
മീനങ്ങാടി, പുതുശ്ശേരി, തരിയോട്, മൂപ്പൈനാട്, അമ്പലവയൽ, വെങ്ങപ്പള്ളി, കല്ലൂർ, കോട്ടത്തറ എന്നിവിടങ്ങളിലുള്ള ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറികളും
വാളേരി, വെള്ളമുണ്ട, സുൽത്താൻ ബത്തേരി, അമ്പലവയൽ, മുള്ളൻകൊല്ലി, കോട്ടത്തറ എന്നിവിടങ്ങളിലുള്ള ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറികളുമാണ് എൻഎബിഎച്ച് സർട്ടിഫിക്കേഷൻ നേടിയത്.പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു എസ്,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി,
ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിനോയ് എ പി, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുമേഷ് പി, ജില്ലാ ക്വാളിറ്റി നോഡൽ ഓഫീസർ (ഐഎസ്എം) ഡോ. രേഖ സി എൻ, നെന്മേനി ഗവ. ഹോമിയോപ്പതി ഡിസ്പെൻസറിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ ജി രഞ്ജിത്ത്, അമ്പലവയൽ ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ സിഎച്ച്ഒ ഡോ. നിഖില ചന്ദ്രൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഹരിത ജയരാജ് എന്നിവർ സംബന്ധിച്ചു.

