അമ്മാനപ്പാറ -തിരുവട്ടൂർ – ചപ്പാരപ്പടവ് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
കഴിഞ്ഞ ഒൻപതര വർഷങ്ങളിൽ സംസ്ഥാനത്തിൻ്റെ പശ്ചാത്തല വികസന മേഖലയിൽ വന്ന മാറ്റം ആർക്കും നിഷേധിക്കാനാവാത്തതാണെന്നും കിഫ്ബി നിലവിൽ വന്നതോടെ സ്വപ്നതുല്യമായ വികസനമാണ് കേരളത്തിൻ്റെ വിവിധ മേഖലയിൽ നടക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കിഫ്ബി ധനസഹായത്തോടെ നവീകരിച്ച അമ്മാനപ്പാറ -തിരുവട്ടൂർ – ചപ്പാരപ്പടവ് റോഡ് ഉദ്ഘാടനം ചെയ്തു. അമ്മാനപ്പാറയിൽ നിന്ന് നവീകരിച്ച റോഡിലൂടെ തുറന്ന വാഹനത്തിൽ മന്ത്രി സഞ്ചരിച്ചു. റോഡിൻ്റെ നിർമാണ നിലവാരത്തെയും റോഡിനായി സ്ഥലം വിട്ടു നൽകിയ നാട്ടുകാരെയും മന്ത്രി പ്രശംസിച്ചു. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.
അമ്മാനപ്പാറയിൽ നിന്ന് തുടങ്ങി ചപ്പാരപ്പടവ് അവസാനിക്കുന്ന 13.261 കിലോമീറ്റർ റോഡാണ് ഉന്നത നിലവാരത്തിൽ നവീകരിച്ചത്. 10 മീറ്റർ വീതിയിൽ ആണ് റോഡ് നിർമ്മാണം നടത്തിയിരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാലുകൾ പണിതു. പഴക്കമുള്ള കൾവെർട്ടുകൾ പുതുക്കി നിർമ്മിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ പുതിയ കൾവെർട്ടുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പാർശ്വഭിത്തി നിർമ്മാണവും മറ്റ് ട്രാഫിക് സുരക്ഷാ സംവിധാനങ്ങളും നിർമ്മാണത്തിന്റെ ഭാഗമായി പൂർത്തികരിച്ചിട്ടുണ്ട്. കൂടാതെ റോഡിന്റെ കയറ്റങ്ങൾ കുറച്ച് സുഗമമായ യാത്രക്ക് അനുയോജ്യമായ തരത്തിലാണ് റോഡ് പുനർനിർമിച്ചത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, പരിയാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ബാബുരാജ്, ചപ്പാരപ്പടവ് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മൈമുന , വാർഡ് അംഗങ്ങളായ അഷ്റഫ് കൊട്ടോല, പി പത്മനാഭൻ, സുജിഷ , സുജിന, കെ വി രാഘവൻ, കെ ആർ എഫ് ബി എക്സിക്യുട്ടീവ് എഞ്ചിനിയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ കെ വി മനോജ് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

