വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ
വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഡിജിസിഎ. പുതിയ നിയമ നിർമ്മാണത്തിനായുള്ള തയ്യാറെടുപ്പുകൾ ഡിജിസിഎ ആരംഭിച്ചു. ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ അധിക ചാർജുകൾ ഒഴിവാക്കാനാണ് നീക്കം.
21 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് പ്രക്രിയ വിമാന കമ്പനികൾ പൂർത്തിയാക്കണമെന്ന് വ്യവസ്ഥയും പുതിയ നിയമത്തിൽ ഉണ്ടാകും. നിയമത്തിന്റെ കരട് തയ്യാറായതായാണ് വിവരം. വിമാന ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട ആശങ്കകളുടെ പശ്ചാത്തലത്തിലാണ് നിർദേശിത മാറ്റങ്ങൾ.
പുതിയ നിയമം സംബന്ധിച്ച് കരട് ഉടൻ തന്നെ പുറത്തുവിടുമെന്നും നവംബർ 30 വരെ പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുമെന്നുമാണ് സൂചന. ഡിജിസിഎയുടെ ഈ നിർണായക നിയമനിർമാണം യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതാകുമെന്നാണ് പ്രതീക്ഷ.

