നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. നെയ്യാറ്റിൻകര തീരദേശ മേഖലയിൽ ഉള്ളവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ചന്തകളിൽ നിന്ന് ചെമ്പല്ലി ഇനത്തിൽപ്പെട്ട മീൻ കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഏകദേശം 35 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയോടുകൂടിയാണ് കുട്ടികളുൾപ്പടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കുറച്ചുപേരെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മേഖലയിൽ നിന്ന് മീനിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഉറവിടം അടക്കമുള്ള കാര്യങ്ങളിൽ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമായി തുടരുകയാണ്.

