ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ ; പുത്തൂർ മൃഗശാല ഇന്ന് തുറക്കും
ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ എന്ന ഖ്യാതിയോടെ പുത്തൂർ മൃഗശാല ഇന്നു വൈകിട്ടു നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. വലുപ്പത്തിന്റെ കാര്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്കാണ് പുത്തൂരിലേത്.
336 ഏക്കർ വിസ്തൃതിയിൽ 370.5 കോടി രൂപ ചെലവഴിച്ചു മൂന്നുഘട്ടമായാണു നിർമാണം നടത്തിയത്. 23 തീം സോണുകളിലായി വന്യമൃഗങ്ങൾക്കു സ്വാഭാവിക വാസകേന്ദ്രങ്ങളും തുറന്ന കൂടുകളുമാണു പാർക്കിലൊരുക്കിയിട്ടുള്ളത്. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.രാജനടക്കം വിവിധ വകുപ്പുമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കുട്ടനെല്ലൂർ ദേശീയപാത മുതൽ പുത്തൂർ വരെ വൈകിട്ട് നാല് മുതൽ ഗതാഗത നിയന്ത്രണമുണ്ട്. ജനുവരി മുതലേ മൃഗശാലയിലേക്ക് ജനങ്ങൾക്ക് പ്രവേശനമുള്ളൂ.
കെട്ടിടങ്ങളെല്ലാം ആഫ്രിക്കൻ ഹട്ടുകളെ ഓർമിപ്പിക്കുന്നപോലെ വൃത്താകൃതിയിലാണ്. ജിറാഫ്, സീബ്ര തുടങ്ങിയ മൃഗങ്ങൾ ഇവിടെയെത്തും. ഒട്ടകപക്ഷി, എമു, അമേരിക്കൻ ഒട്ടകപക്ഷി എന്നറിയപ്പെടുന്ന റിയ എന്നിവയാണ് സോണിൽ നിലവിലുള്ളത്. കുറുനരികളുടെ ഇടമാണ് അവസാനം. തൃശൂർ മൃഗശാലയിൽനിന്നു ഹിപ്പപൊട്ടാമസും മുതലയും പക്ഷികളും പാമ്പും അടുത്താഴ്ചയോടെ എത്തും. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ മൃഗങ്ങളെ പാർക്കിൽ എത്തിക്കും. മൊത്തത്തിൽ 64 ഇനങ്ങളിൽപെട്ട 511 ജീവജാലങ്ങൾ ഉണ്ടാകും.
പാർക്കിനുള്ളിൽ ഒരുക്കിയ പ്രത്യേക റോഡിലൂടെ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സർവീസ് ഉണ്ട്. സമയക്രമവും ബുക്ക് ചെയ്യുന്നതിന്റെ വിവരങ്ങളും ഉദ്ഘാടന ശേഷം തീരുമാനിക്കുമെന്നാണ് അറിയിപ്പ്. നാലു സ്റ്റോപ്പുകളിൽ ഇറങ്ങി സന്ദർശകർക്ക് കാഴ്ചകൾ കാണാം. കാഷ്യൂ ജംക്‌ഷൻ, ബിഗ്കാറ്റ് ഏരിയ, ആഫ്രിക്കൻ സോൺ, ഗ്രാസ്‌ലാൻഡ് സോൺ എന്നിവയാണ് സ്റ്റോപ്പുകൾ. ഓരോ സ്റ്റോപ്പുകളിൽ ഇറങ്ങി, നടന്ന് കാണണം.

