ബഡ്‌സ് ഒളിമ്പിയ 2025; മലപ്പുറം ജില്ലാതല കായിക മേളയ്ക്ക് തുടക്കം
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഭിന്നശേഷി കായികമേള (ബഡ്‌സ് ഒളിമ്പിയ 2025)ക്ക് ഇന്ന് തുടക്കം. കായികമേള കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കാലിക്കറ്റ് സര്‍വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെയാണ് മൂന്നാമത് ബഡ്‌സ് ഒളിമ്പിയ ജില്ലാതല കായികമേള സംഘടിപ്പിക്കുന്നത്.
വേങ്ങര സബാഹ് സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന കായികമേളയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 74 ബഡ്‌സ് സ്ഥാപനങ്ങളിലെ 600 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ലോവര്‍ എബിലിറ്റി, ഹയര്‍ എബിലിറ്റി വിഭാഗങ്ങളിലായി 34 മത്സരയിനങ്ങളാണ് സംഘടിപ്പിക്കുന്നത്. 50 മീറ്റര്‍, 100 മീറ്റര്‍ ഓട്ടം, വീല്‍ചെയര്‍ ഓട്ടം, സ്റ്റാന്‍ഡിങ് ബ്രോഡ് ജംപ് സോഫ്റ്റ് ബോള്‍ ത്രോ, ഷോട്ട്പുട്ട്, ലോംഗ് ജംപ്, 50 മീറ്റര്‍, 100 മീറ്റര്‍ നടത്തം, റിലേ തുടങ്ങിയവയാണ് പ്രധാന മത്സരയിനങ്ങള്‍. സ്‌കൂള്‍ അടിസ്ഥാനത്തിലുള്ള മാര്‍ച്ച് പാസ്റ്റും മേളയുടെ ഭാഗമായി ഉണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി വിജയികളാകുന്നവര്‍ക്ക് മെഡല്‍,ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്യും.
കായിക മേളയില്‍ പങ്കെടുക്കുന്ന മുഴുവന്‍ മല്‍സരാര്‍ത്ഥികള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, സബ് കളക്ടര്‍ ദിലീപ് കൈനിക്കര, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഋഷികേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

