
ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. മുകേഷ് സാഹ്‌നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്. 'തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,'ഹോട്ടല്‍ മൗര്യയില്‍ നടന്ന സംയുക്ത സമ്മേളനത്തില്‍ ഗെഹ്‌ലോട്ട് പറഞ്ഞു.
മഹാസഖ്യത്തിൽ വ്യക്തമായ ധാരണയില്ലാതെ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവിന്റെ നിലപാടിനോട് കോൺഗ്രസ് വഴങ്ങിയിരിക്കുന്നത്. മഹാസഖ്യത്തിന്റെ മുഖം താനാണെന്ന തരത്തിലുള്ള തേജസ്വി യാദവിന്റെ പ്രസ്താവന മുന്നണിയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാൽ ബിഹാർ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നണിയിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ പരിഹരിച്ച് മുന്നോട്ടു പോകാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം.
സീറ്റ് എണ്ണത്തിൽ പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നായിരുന്നു കോൺഗ്രസിന്റെ വാദം. നിലവിൽ 12 സീറ്റുകളിൽ മഹാസഖ്യത്തിലെ സ്ഥാനാർത്ഥികൾ പരസ്പരം മത്സരിക്കുന്നുണ്ട്. സീറ്റ് വിഭജന ചർച്ചകൾക്ക് പിന്നാലെയാണ് ഇൻഡ്യ സഖ്യത്തിൽ പ്രശ്‌നങ്ങളുയർന്നത്. അത് മറികടക്കാനുള്ള ശ്രമത്തിലായിരുന്നു നേതൃത്വം.