പെരുമ്പടപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പെരുമ്പടപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. പി.നന്ദകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. 50 ലക്ഷം രൂപ ചെലവിൽ ഇരുനിലകളിലായാണ് കെട്ടിടം നിർമിച്ചത്. സ്മാർട്ട് വില്ലേജാവുന്ന പൊന്നാനി താലൂക്കിലെ ആദ്യ വില്ലേജാണ് പെരുമ്പടപ്പ്. പ്ലാൻ സ്കീം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫീസർക്ക് പ്രത്യേക ക്യാബിനും ജീവനക്കാർക്ക് കംപ്യൂട്ടർ സൗകര്യത്തോട് കൂടിയ പ്രത്യേക സൗകര്യം, ഫ്രണ്ട് ഓഫീസ്, റെക്കോഡ് റൂം, ഭിന്നശേഷി സൗഹൃദ ശൗചാലയം, റാമ്പോട് കൂടിയ വരാന്ത എന്നിവയുമുണ്ടാവും. മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാളും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ സിന്ധു, പഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്തംഗം എ. കെ. സുബൈർ, എം.സുനിൽ, കെ. കെ. ബാബു, എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടർ കെ.ലത സ്വാഗതവും തഹസിൽദാർ ടി. സുജിത്ത് നന്ദിയും പറഞ്ഞു.

