ബഡ്സ് ഒളിമ്പിയ-2025 വിജയകിരീടം ചൂടി കാളികാവ് ബി.ആർ.സി
തോരാ മഴയത്തും ആവേശം ഒട്ടും തോരാതെ 670 ലേറെ കായിക പ്രതിഭകൾ വേങ്ങര സബാഹ് സ്ക്വയറിൽ മാറ്റുരച്ചപ്പോൾ, ബഡ്‌സ് ഒളിമ്പിയ-2025 കായികമേള ഒരു കായിക മാമാങ്കമായി മാറി. ജില്ലയിലെ 74 ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ വീറും വാശിയും കാണിച്ച് മത്സരിച്ച മേളയിൽ 33 പോയിന്റോടുകൂടി കാളികാവ് ബി.ആർ.സി ഒന്നാം സ്ഥാനം നേടി കിരീടം ചൂടി. 30 പോയിന്റോടുകൂടി ഊർങ്ങാട്ടിരി ബി. ആർ.സി രണ്ടാം സ്ഥാനവും 22 പോയിന്റോടുകൂടി കൊണ്ടോട്ടി ബഡ്സ് സ്കൂൾ,പുൽപ്പറ്റ ബി.ആർ. സി, ഊരകം ബഡ്സ് സ്കൂൾ എന്നിവർ മൂന്നാം സ്ഥാനവും നേടി കായികമേളയിലെ മറ്റു രാജാക്കന്മാരായി.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ല സ്പോർട്സ് കൗൺസിലിന്റെയും, കാലിക്കറ്റ് സർവ്വകലാശാല ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് ജില്ലാതല ബഡ്സ് കായികമേളയിൽ, സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഹയർ എബിലിറ്റി, ലോവർ എബിലിറ്റി വിഭാഗങ്ങളിലായി, 50 മീറ്റർ, 100 മീറ്റർ ഓട്ടം, നടത്തം ഷോട്ട്പുട്ട്, ലോങ്ജമ്പ് വീൽചെയർ ഓട്ടം, എന്നിങ്ങനെ 34 ഇനങ്ങളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയത്.
ഓരോ മത്സരയിനങ്ങളിലും കുട്ടികൾക്ക് എല്ലാവിധ പിന്തുണയും കരുതലും നൽകി ഒപ്പത്തിനൊപ്പം നിന്ന ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത വിവിധ സന്നദ്ധ പ്രവർത്തകരുടെയും, കുടുംബശ്രീ ജില്ലാമിഷൻ,കാലിക്കറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ്, ജില്ലാ സ്പോർട്സ് കൗൺസിൽ,വി.എം.സി ഹോസ്പിറ്റൽ ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനം ബഡ്സ് ഒളിമ്പിയ കായികമേള വൻവിജയമാക്കി. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും മെഡലും,ട്രോഫിയും,സർട്ടിഫിക്കറ്റും വിതരണം ചെയ്തു.ഒപ്പം കായികമേളയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി

